സിനിമ പോലെ തന്നെയാണ് തമിഴ് സൂപ്പര്‍താരം അജിത്തിന് ഷൂട്ടിംഗും. ഷൂട്ടിംഗിനോടുള്ള താരത്തിന്‍റെ പ്രണയം പണ്ട് മുതലെ പ്രശസ്തമാണ്. എന്നാല്‍ ഇത് വെറും പ്രണയം മാത്രമല്ല, ഒരു പ്രൊഫഷണല്‍ ഷൂട്ടര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് തല. 46ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകളാണ് അജിത്ത് നേടിയത്. ചെന്നൈ റൈഫിള്‍ ക്ലബിനെ പ്രതിനിധീകരിച്ചാണ് താരം അഭിനന്ദനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. അജിത്ത് മെഡലുകള്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്. സെന്റർ ഫയർ പിസ്റ്റൾ 32 (ഐ.എസ്.എസ്.എഫ്) 25 മീറ്റർ ടീം, സ്റ്റാൻഡേർഡ് പിസ്റ്റൾ .22 (എൻആർ) 25 മീറ്റർ ടീം ഇനങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. ചെന്നൈ റൈഫിൾ ക്ലബ് സെക്രട്ടറി രാജശേഖർ പാണ്ഡ്യൻ, ദേശീയ റൈഫിൾ അസോസിയേഷൻ സെക്രട്ടറി ഡി.വി.എസ് റാവു, തമിഴ്‌നാട് ഷൂട്ടിംഗ് അസോസിയേഷൻ സെക്രട്ടറി രവികൃഷ്ണൻ, ചെന്നൈ റൈഫിൾ ക്ലബ് ജോയിന്‍റ് സെക്രട്ടറി ഗോപിനാഥ്, ഡി.ജി.പി തമിഴ്സെൽവൻ തുടങ്ങിയവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/03/ajith.jpg?resize=1200%2C642&ssl=1)