India National

വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ.

www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാട്ടിലെത്തുന്ന മുഴുവൻ പേർക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കണം.

യാത്രാവിവരങ്ങൾ, മെഡിക്കൽ വിവരങ്ങൾ, യാത്രാരേഖകൾ, നാട്ടിലെ നമ്പർ എന്നിവ നൽകണം. ക്വാറന്‍റൈൻ സത്യവാങ്മൂലം ഫോറം ഡിജിറ്റലായി പൂരിപ്പിക്കണം. 96 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ ടെസ്റ്റിന്‍റെ ഫലമുണ്ടെങ്കിൽ അത് അപ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

നാട്ടിലെത്തിലെയാൽ എയർപോർട്ട് ഹെൽത്ത് ഓഫീസർക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ലഭിക്കുന്ന നമ്പറും, ഫോറത്തിന്‍റെ പ്രിന്‍റ് ഔട്ടും കൈമാറണം. തുടർന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ഹെൽത്ത് ഓഫീസർ നൽകുന്ന അനുമതി പ്രകാരം യാത്രക്കാർക്ക് വീട്ടിലേക്കോ, ഹൗസ് ക്വാറന്‍റൈനിലേക്കോ പോകാൻ അനുമതി ലഭിക്കും.

നാളെ മുതൽ ക്വാറന്‍റൈൻ സത്യവാങ്മൂലത്തിന്‍റെ ഹാർഡ് കോപ്പികൾ വിമാനത്താവളത്തിൽ സ്വീകരിക്കില്ല. വിമാനത്താവളങ്ങളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.