India

ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി

ഡൽഹിയിലെ വായുനിലവാര സൂചികയിൽ നേരിയ പുരോഗതി. വായുനിലവാര സൂചിക 326 രേഖപ്പെടുത്തി. ഡൽഹി പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും. അടച്ചിട്ട പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ചയാകും.

അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ചേർന്ന ഉന്നതതല യോഗമാണ് സ്റ്റേജ് ഫോർ വിഭാഗത്തിൽപെട്ട നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ഡൽഹിയിലെ അന്തരീക്ഷ വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായിരുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണമാണ് ഇതെന്നാണ് വിദഗ്‍ധ സംഘത്തിന്റെ നിരീക്ഷണം.

അതുകൊണ്ട് തന്നെ ഉടൻ നിയന്ത്രണങ്ങൾ നീക്കിയാൽ വീണ്ടും സ്ഥിതി വഷളാക്കുമെന്നും സർക്കാർ കരുതുന്നു. അന്തരീക്ഷ വായു ഗുണനിലവാരം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെച്ചപ്പെടുകയാണെങ്കിൽ നിയന്ത്രണങ്ങൾ സ്റ്റേജ് ത്രീയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.