കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കി ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതിയെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. ജൂലൈയിൽ എയർ ഇന്ത്യയിലെ ജീവനക്കാരുടെ 13 യൂണിയനുകൾ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനാൽ ഈ നടപടി വിവാദമാകാൻ സാധ്യതയുണ്ട്. എയർ ഇന്ത്യ വിഭജിക്കുന്നത് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് യൂണിയനുകള്‍ പറയുന്നു. ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. 2018 ൽ എയർലൈനിന്റെ 76 ശതമാനം ഓഹരികൾ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.
എയർ ഇന്ത്യയ്ക്ക് 58,000 കോടി രൂപയുടെ കടമുണ്ട്. 20,000 ത്തോളം ജീവനക്കാരുള്ള കമ്പനിക്ക് ഒക്ടോബറിൽ ശമ്പളം നൽകാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ആയിരക്കണക്കിന് പേർക്ക് മാസങ്ങളോളം ശമ്പളം മുടങ്ങിയിരുന്നു. 5,000 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് എയര്‍ഇന്ത്യ നല്‍കാനുള്ളത്. ഇതോടെ പല എണ്ണക്കമ്പനികളും ആഗസ്റ്റിൽ എയര്‍ഇന്ത്യക്ക് എണ്ണ വിതരണം ചെയ്യാൻ വിസമ്മതിച്ചിരുന്നു.