India

എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം; കൈമാറ്റം പൂർത്തിയായി

എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാലേസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസ്സറ്റ് മനേജ്മെന്റ് സെക്രട്ടറി തുഹിൻ കാന്ത് പാണ്ഡെ അറിയിച്ചു. പുതിയ ഭരണ ബോർഡും നിലവിൽ വന്നു.

69 വർഷത്തിന് ശേഷം എയർ ഇന്ത്യ തിരികെ ടാറ്റ ഗ്രൂപ്പിന്റെ അധീനതയിൽ വന്നതിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ സന്തോഷം പ്രകടിപ്പിച്ചു. ഏറ്റെടുക്കലിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിൽ നിന്ന് എം.പി. പ്രദീപ് കുമാർ തയാറാക്കിയ റിപ്പോർട്ട്.

കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. കൈമാറ്റം 18,000 കോടി രൂപയ്ക്കാണ് കൈമാറ്റം. നേരത്തെ ടാറ്റ എയർലൈൻസായിരുന്ന കമ്പനിയാണ് എയർ ഇന്ത്യയാക്കിയത്. 69 വർഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്.

കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയർ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നൽകിയത്. സർക്കാർ എയർ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാൾ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്.