India National

ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്നു; എയിംസിലെ വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു

ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് പോകുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും സംഘത്തിലുണ്ട്.

രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്തിലെ ഏഴായിരത്തോളം കേസുകളില്‍ അയ്യായിരത്തോളം കേസുകള്‍ അഹമ്മദാബാദിലാണ് സ്ഥിരീകരിച്ചത്. ഇത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്നുതന്നെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചിരിക്കുന്നത്.

ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ സംവിധാനം വളരെ മോശമാണെന്ന ആരോപണത്തെ ശരിവെക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്.

എന്തായാലും വിദഗ്ധ സംഘം അഹമ്മദാബാദില്‍ എത്തിയിരിക്കുന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരിക്കുകയാണ്.