ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ ബാധിത മരിച്ചു. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ് ഒഡീഷയിലെ പുരിയിൽ നിന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് 90 കിലോമീറ്ററോളം ദൂരം ട്രോളി വലിച്ച് ഭർത്താവ് ക്യാൻസർ ബാധിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്.
ക്യാൻസർ ബാധിതയായ സുകന്തിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് കബീർ ഭോയിയോട് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആംബുലൻസിനുള്ള പണം കയ്യിൽ ഇല്ലാതിരുന്നതിനാൽ കബീർ ഹോയ് തിരികെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച സുകന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. തുടർന്ന് മെഡിക്കൽ കോളജ് വരെ പോകാനായി ഓട്ടോറിക്ഷക്കാരെ സമീപിച്ചു. എന്നാൽ, അത്ര ദൂരം സഞ്ചരിക്കാൻ 1200 രൂപയാണ് അവർ ആവശ്യപ്പെട്ടത്. അത്രയും തുക കയ്യിൽ ഇല്ലാത്തതിനാൽ ഭോയ് 50 രൂപയ്ക്ക് ട്രോളി വാടകയ്ക്ക് എടുത്ത് ഭാര്യയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭാര്യയെ ട്രോളിയിൽ കൊണ്ടുപോകുന്നത് കണ്ട സന്നദ്ധ പ്രവർത്തകരും ഭോയിയെ സഹായിച്ചു.
ആശുപത്രിയിലെത്തിച്ച ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും സുകന്തിയുടെ ജീവൻ രക്ഷിക്കാനായില്ല. ട്രോളിയിൽ ഏറെ സമയം എടുത്ത് ആശുപത്രിയിൽ എത്തിച്ചതു കൊണ്ടാണ് ഭാര്യ മരണപ്പെട്ടതെന്നും ഓട്ടോറിക്ഷയിലോ, ആംബുലൻസിലോ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സുകന്തി ഇപ്പോഴും ജീവിക്കുമായിരുന്നെന്നും കബീർഭോയ് പറഞ്ഞു.