India National

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്

കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും യോഗത്തിനെത്തും.

അജണ്ടയിലില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷപദ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ നേതാക്കൾ ഉന്നയിക്കും. ഉടൻ പ്രവർത്തക സമിതി ചേർന്ന് പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയായി തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം. മുഴുവൻ അംഗങ്ങളും രാജിവച്ച് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കണം. നിയമസഭ തെരഞ്ഞെടുപ്പുകൾ അടക്കം വരാനിരിക്കുന്നതിനാൽ ബി.ജെ.പിയെ എങ്ങിനെ നേരിടണം എന്നതില്‍ ആലോചന വേണം തുടങ്ങിയ നിർദേശങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രവര്‍ത്തക സമിതി ഉടൻ വിളിക്കാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.