India National

ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം

സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്.

ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. ഫേസ് ബുക്ക് അനലറ്റിക്സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ കണക്ക് പുറത്തുവിട്ടത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബർ 2 വരെ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ക്ക് 13.9 മില്യണ്‍ എന്‍ഗെയ്ജ്മെന്‍റാണ് ലഭിച്ചത്. ഇതേ കാലയളവില്‍ മോദിയുടെ പേജിലെ എന്‍ഗെയ്ജ്മെന്‍റ് 8.2 മില്യണ്‍ മാത്രമായിരുന്നു.

അഞ്ച് ഫേസ് ബുക്ക് പേജുകളുടെ വരെ അനലറ്റിക്സ് നിരീക്ഷിക്കാം. രാഹുലിന്‍റെതും മോദിയുടേതും കൂടാതെ ബിജെപി, കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ പേജുകളുടെയും അനലറ്റിക്സ് വിലയിരുത്തലിന് ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന അഞ്ച് ലോക നേതാക്കളിലൊരാളാണ് മോദി. മോദിക്ക് 45.9 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. രാഹുല്‍ ഗാന്ധിക്ക് 3.5 മില്യണ്‍ ഫോളോവേഴ്സ് മാത്രമാണുള്ളത്. 16 മില്യണ്‍ ഫോളോവേഴ്സുണ്ട് ബിജെപിയുടെ ഔദ്യോഗിക പേജിന്. കോണ്‍ഗ്രസിനാകട്ടെ 5.6 മില്യണും. രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം ഒരാഴ്ചക്കിടെ 3.5 ശതമാനം കൂടി.

മോദിയെ അപേക്ഷിച്ച് ഫോളോവേഴ്സിന്‍റെ എണ്ണം വളരെ കുറവായിട്ടും എന്‍ഗെയ്ജ്മെന്‍റ് കൂടിയത് രാഹുലിന് സോഷ്യല്‍ മീഡിയയില്‍ സ്വീകാര്യത കൂടിയതിന്‍റെ തെളിവായി വിലയിരുത്തപ്പെടുന്നു. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ തന്നെയാണ് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചത്. ഇക്കാലയളവില്‍ മോദിയുടെ പേജില്‍ 11 പോസ്റ്റുകളുണ്ടായിരുന്നു.

ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം

ഹാഥ്റസ് സംഭവത്തിലെ ഇടപെടലോടെ രാഹുലിന്‍റെ ജനപ്രീതി വര്‍ധിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. “ഞാൻ ഹാഥ്റസ് ഇരയുടെ കുടുംബത്തെ കണ്ടു. അവരുടെ വേദന അറിഞ്ഞു. ഈ കഠിന വേളയില്‍ ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും നീതി ലഭിക്കാൻ സഹായിക്കുമെന്നും അവർക്ക് ഉറപ്പ് നൽകി. യുപി സർക്കാരിന് അവർ ആഗ്രഹിക്കുന്നതൊക്കെ ചെയ്യാനാവില്ല. കാരണം ഇപ്പോൾ ഈ മകൾക്ക് നീതി ലഭിക്കാൻ രാജ്യം മുഴുവനും ഒപ്പമുണ്ട് ” – രാഹുൽ ഗാന്ധിയുടെ ഈ പോസ്റ്റിന് മാത്രം 460000ലേറെ ലൈക്കുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന രാഹുല്‍ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തുന്നത്. പുതിയ കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുമായി രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയെ കുറിച്ച് നടത്തിയ സംവാദങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.