മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം. ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കി. ഉപമുഖ്യമന്ത്രിയായോ നിയമസഭ കക്ഷി നേതാവായോ അജിത് പവാറിനെ തെരഞ്ഞെടുത്തേക്കും. സ്പീക്കറായി പൃഥിരാജ് ചവാനും എത്തിയേക്കും. ശിവസേനക്ക് 15ഉം എന്‍.സി.പിക്കും കോണ്‍ഗ്രസിനും 13ഉം മന്ത്രിമാരെ ലഭിക്കാനാണ് സാധ്യത.
അവസാന മണിക്കൂറുകളിലും ത്രികക്ഷി സഖ്യത്തിനകത്ത് മന്ത്രിപദം സംബന്ധിച്ചുള്ള ശാഠ്യങ്ങള്‍ തുടര്‍ന്നു. ഉപമുഖ്യമന്ത്രി പദത്തിലും സ്പീക്കര്‍ പദവിയിലും തട്ടി വകുപ്പ് വിഭജനം നിന്നു. ശരത് പവാര്‍, ഉദ്ധവ് താക്കറെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, അജിത് പവാര്‍ തുടങ്ങിയവര്‍ ഇന്നലെ രാത്രി നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയോടെയാണ് പദവികളില്‍ വ്യക്തത വന്നത്. ഒടുവില്‍ ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്കും സ്പീക്കര്‍ പദം കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയായി.
തിരിച്ചെത്തിയ അജിത് പവാറിന് ഉന്നത പദവി നല്കണമെന്ന ഭൂരിപക്ഷം എന്‍.സി.പി എം.എല്‍.എമാരുടെ ആവശ്യത്തെ തുടര്‍ന്ന് ഉപമുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടിയുടെ ഒരുക്കം. ഇല്ലെങ്കില്‍ ജയന്ത് പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കി അജിത് പവാറിനെ നിയമസഭ കക്ഷി നേതാവാക്കിയേക്കും. സ്പീക്കറായി പൃഥിരാജ് ചവാനെ കോണ്‍ഗ്രസ് കൊണ്ടുവന്നേക്കും. 15 വകുപ്പുകള്‍ ശിവസേനക്കും ധനകാര്യമടക്കം 13 എണ്ണം എന്‍.സി.പിക്കും ആഭ്യന്തരം അടക്കം 13 എണ്ണം കോണ്‍ഗ്രസിനും ലഭിച്ചേക്കും. മന്ത്രിപദത്തിലേക്ക് അശോക് ചവാന്‍, വിശ്വജിത് കദം, നാന പതോളെ, അമിത് ദേശ്മുഖ് തുടങ്ങിയവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.