അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു.
ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അതോട് കൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. ലോക്ഡൌണ്‍ കാരണം ബഫർ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തട്ടെയെന്നും ഹോട്ടലുടമയായ രശ്മി സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.
താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.