ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ നടപടിയില്‍ അസം ഗണപരിശത്തിനുള്ളില്‍ ഭിന്നത. പാര്‍ട്ടി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രിയും അസം ഗണപരിശത്ത് മുതിര്‍ന്ന നേതാവുമായ പ്രഫുല്ല കുമാര്‍ മൊഹന്ത മീഡിയവണിനോട് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി ബി.ജെ.പിയുമായി പിണങ്ങിയ അസം ഗണപരിശത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കിയതിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.
പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് അസം ഗണപരിശത്ത് എന്‍.ഡി.എ മുന്നണി വിട്ടിട്ട് മാസങ്ങളാകുന്നേയുള്ളൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കഴിഞ്ഞയാഴ്ച വീണ്ടും പാര്‍ട്ടികള്‍ തമ്മില്‍ ഒന്നിച്ചു. ഇതാണ് ഇപ്പോള്‍ അസം ഗണപരിശത്തിനുള്ളില്‍ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. പാര്‍ട്ടി നടപടിക്കെതിരെ മുതിര്‍ന്ന നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാര്‍ മൊഹന്ത പരസ്യമായി തന്നെ രംഗത്തെത്തി. പാര്‍ട്ടി നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു മൊഹന്തയുടെ പ്രതികരണം.
അതേസമയം ബി.ജെ.പി എ.ജി.പി സഖ്യം മത്സരിക്കുന്ന സീറ്റുകള്‍ വരെ തീരുമാനിച്ചതായാണ് വിവരം. 14 ലോക്‌സഭ മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം എ.ജി.പിക്കാണ്. സഖ്യ തീരുമാനത്തിനെതിരെ അങ്ങിങ്ങായി പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എ.ജി.പി ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തി. അതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തിനിടയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിരിക്കുന്നത്. പൗരത്വ ഭേഗദതി ബില്ലില്‍ ഒരുനിലക്കും അംഗീകരിക്കില്ലെന്ന നിലപാടും പ്രഫുല്ല കുമാര്‍ പങ്കുവെച്ചു.