പതിനേഴാം ലോക്സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കി എൻ.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാർ ചുമതലയേറ്റതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ആർ.പി.ഐ എം.പി രാംദാസ് അത്താവലെ രാഹുൽ ഗാന്ധി എവിടെയെന്ന് സഭയിൽ ചോദിച്ചത്. രാഹുൽ ഇവിടെ തന്നെയുണ്ടെന്നും ഉടൻ എത്തിച്ചേരുമെന്നും പ്രതിപക്ഷം മറുപടി നൽകി.
തുടർന്ന് ഉച്ചക്ക് ശേഷം ഇതിന് മറുപടിയായി രാഹുലിന്റെ ട്വീറ്റ് എത്തുകയായിരുന്നു. ലോക്സഭയിലെ തന്റെ നാലാം ഘട്ടത്തിന് ഇന്ന് ഉച്ചക്ക് തുടക്കമാകുമെന്നാണ് രാഹുൽ കുറിച്ചത്. വയനാടിനെ പ്രതിനിധീകരിച്ച് കൊണ്ട് പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, രാജ്യത്തിന്റെ ഭരണഘടനയോട് കൂറും വിശ്വാസവും പുലർത്തുമെന്നും ട്വിറ്ററിൽ കുറിച്ചു.