India National

ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ സഖ്യകക്ഷിയായ എല്‍.ജെ.പി ഒറ്റക്ക് മത്സരിക്കും

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബി.ജെ.പിയുടെ അധികാരത്തര്‍ക്കം തുടരുമ്പോള്‍ ജാര്‍ഖണ്ഡിലും പ്രതിസന്ധി ഉടലെടുക്കുന്നു. എന്‍.ഡി.എയിലെ സഖ്യ പങ്കാളിയായ എൽ.‌ജെ.‌പി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 50 ലും തങ്ങളുടെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എൽ‌.ജെ‌.പി തലവന്‍ ചിരാഗ് പാസ്‍വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ പട്ടിക വൈകുന്നേരത്തോടെ പ്രഖ്യാപിക്കും,” ചിരാഗ് പാസ്‍വാന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാം വിലാസ് പാസ്‍വാന്റെ മകനാണ് ചിരാഗ് പാസ്‍വാൻ.

നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാർഖണ്ഡില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 23 ന് ഫലം പ്രഖ്യാപിക്കും. 2014 ലെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 72 സീറ്റുകളിലും എ.ജെ.എസ്.യു എട്ട് സീറ്റിലും എൽ.ജെ.പി ഒരു സീറ്റിലുമാണ് മത്സരിച്ചത്. ബി.ജെ.പി 37 സീറ്റുകളും എ.ജെ.എസ്‌.യു അഞ്ച് സീറ്റുകളും നേടിയപ്പോൾ എൽ.ജെ.പി മത്സരിച്ച സീറ്റ് നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു. എ.ജെ‌.എസ്‌.യുവിനെ സഖ്യകക്ഷിയാക്കിയാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കുന്നത്. 52 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ഞായറാഴ്ച പാർട്ടി പുറത്തിറക്കി.

സർക്കാർ രൂപീകരണത്തെച്ചൊല്ലി മഹാരാഷ്ട്രയില്‍ ശിവസേനയുമായി ബി.ജെ.പി ഇതിനകം തന്നെ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഈ സംഭവവികാസം.