India National

ലവ് ജിഹാദ്’ നിയമത്തിന് പിന്നാലെ മിഷനറികളെ ഉന്നംവെച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഡിസംബര്‍ 28ന് ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ലവ് ജിഹാദ് കേസുകള്‍ തടയാനായെന്ന പേരില്‍ മതസ്വാതന്ത്ര്യ ബിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. പേര് സൂചിപ്പിക്കുന്നത് പോലെ, മുസ്‍ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമഭേദഗതി. എന്നാല്‍ ഇത്തവണ ക്രിസ്ത്യന്‍ മിഷണറികളെയും ഈ ബില്ലിലൂടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉന്നം വച്ചേക്കും. ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം വ്യാപകമാകുന്നു എന്ന ആരോപണത്തോടെ പല സംസ്ഥാന നേതാക്കളും മിഷനറികള്‍ക്കെതിരെയും തിരിഞ്ഞ സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാരും ഈ നിലപാട് കൈക്കൊള്ളാനൊരുങ്ങുന്നത്.

നിര്‍ബന്ധിത ക്രിസ്ത്യന്‍ മതപരിവര്‍ത്തനം സംസ്ഥാനത്ത് കൂടി വരുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശ് സംസ്ഥാനമാണ്. ഇത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഹിന്ദുവില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗോത്രവര്‍ഗക്കാരെ ക്രിസ്ത്യന്‍സ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചവാന്‍ ആരോപണം ഉന്നയിച്ചിരുന്നു.

എന്നാല്‍, മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് ബോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ പറഞ്ഞു. ”ഇത് രാഷ്ട്രീയമാണ്, മതപരമല്ല. വോട്ടുബാങ്കിനെ ലക്ഷ്യംവച്ചുകൊണ്ട് രാഷ്ട്രീയക്കാര്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എത്രയെത്ര പുതിയ നിയമങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നുവോ, അത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദുർബലര്‍ക്കെതിരെയും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതാണ് എന്‍റെ ഭയം.” ലിയോ കൊര്‍ണേലിയോ കൂട്ടിച്ചേര്‍ത്തു.