India National

കോവിഡിനെ തടയാന്‍ സോപ്പ് കൊണ്ട് കാര്യമില്ലെന്ന് ഡെറ്റോള്‍ ഹാന്‍ഡ്‍വാഷ്

റെക്കിറ്റ് ബെന്‍കിസര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെറ്റോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യത്തിനെതിരെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിന് തുടര്‍ന്ന് പരസ്യം പിന്‍വലിക്കാനൊരുങ്ങി കമ്പനി. ഡെറ്റോള്‍ ഹാന്‍ഡ് വാഷിന്റ പരസ്യം ഒരു മാസത്തേക്ക് പിന്‍വലിക്കുമെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചു.ലൈഫ് ബോയ് സോപ്പ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്.

ലോകജനത കൊറോണക്കെതിരെ പോരാടുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ സോപ്പുകള്‍ ഉപയോഗശൂന്യവും ഫലപ്രദവുമല്ലെന്നാണ് ഡെറ്റോള്‍‌ പരസ്യം നല്‍കുന്ന സന്ദേശം.

സോപ്പ് ഉപയോഗശൂന്യമാണെന്ന് വ്യാജ പ്രചരണം നടത്തി പൊതുജനങ്ങൾക്കിടയിൽ ഭീതി പടര്‍ത്തിയെന്നും. ഇക്കാരണത്താല്‍ പരസ്യം പ്രക്ഷേപണം ചെയ്യുന്നത് തടയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എച്ച്‌യു‌എൽ കോടതിയിൽ ഹരജി നൽകിയിരുന്നു.ജസ്റ്റിസ് കെ.ആര്‍ ശ്രീറാം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച എച്ച്.യു.എല്ലിന്റെ ഹരജി പരിഗണിച്ചത്.

സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈ കഴുകുന്നത് പൂര്‍ണ്ണമായും ഉപയോഗശൂന്യമാണെന്നും ഹാന്‍ഡ് വാഷ് മാത്രമാണ് ഫലപ്രദമായ മാര്‍ഗ്ഗം മെന്നുമുള്ള ഡെറ്റോളിന്റെ പരസ്യം റെക്കിറ്റ് ലൈഫ് ബോയ് സോപ്പിന്റെ ട്രേഡ്‍മാര്‍ക്കിനെ അപമാനിച്ചെന്നും അണുക്കളില്‍ നിന്നുള്ള പത്തിരട്ടി സംരക്ഷണം എന്ന ഡെറ്റോളിന്റെ അവകാശ വാദം തെറ്റാണെന്നും ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണെന്നും എച്ച്.യു.എല്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.