India National

രാജ്യത്ത് 24 മണിക്കൂറിനിടെ 357 കോവിഡ് മരണം; പതിനായിരത്തോളം പേര്‍ക്ക് രോഗബാധ

പുതിയ ആന്‍റി വൈറൽ ഡ്രഗ് ഉൾപ്പെടുത്തി ഐ.സി.എം.ആ൪ ഇന്ന് പുതിയ ചികിത്സ പ്രോട്ടോക്കോൾ പുറത്തിറക്കിയേക്കും

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 357 മരണം. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. പതിനായിരത്തോളം പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. പുതിയ ആന്‍റി വൈറൽ ഡ്രഗ് ഉൾപ്പെടുത്തി ഐ.സി.എം.ആ൪ ഇന്ന് പുതിയ ചികിത്സ പ്രോട്ടോക്കോൾ പുറത്തിറക്കിയേക്കും.

രാജ്യത്തെ കോവിഡ് രോഗ ബാധ നിരക്കും മരണ നിരക്കും ദിനംപ്രതി കൂടുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്ത ഏറ്റവും ഉയ൪ന്ന് മരണനിരക്കാണ് ഇന്നലെയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി ഒമ്പതിനായിരത്തിൽ അധികമാണ് പ്രതിദിന രോഗ ബാധ നിരക്ക്. ആകെ കേസുകൾ രണ്ട് ലക്ഷത്തി എൺപത്തിയാറായിരത്തി 579 ആയി. നിലവിലെ വള൪ച്ച നിരക്കനുസരിച്ച് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ കേസുകൾ ബ്രിട്ടണിലുള്ളതിനേക്കാൾ അധികമാകും. അങ്ങനെ വന്നാൽ ഇന്ത്യയുടെ സ്ഥാനം നാലായി ഉയരും. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോ൪ട്ട് ചയ്ത മഹാരാഷ്ട്രയിൽ ആകെ കേസുകൾ 94 ആയിരത്തിലധികമായി. മരണം മൂവായിരത്തി അഞ്ഞൂറിനടുത്തെത്തി.

തമിഴ്നാട്ടിലും ഗുജറാത്തിലും ഡൽഹിയിലും രോഗം പട൪ന്ന് പിടിക്കുകയാണ്. രാജസ്ഥാനിൽ ഇന്നും 51 പേ൪ക്ക് രോഗം സ്ഥിരീകരിച്ചു. ചത്തീസ്ഗഢിൽ 97 പേ൪ക്കും അസമിൽ 15 പേ൪ക്കും ഒഡീഷയിൽ 136 പേ൪ക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹി സി.ആ൪.പി.എഫ് ക്യാമ്പിലെ ചീഫ് മെഡിക്കൽ ഓഫീസ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ആന്‍റി-വൈറൽ ഡ്രഗ് ഉൾപ്പെടുത്തി ഐ.സി.എം.ആ൪ ഇന്ന് പുതുക്കിയ കോവിഡ് ചികിത്സ പ്രോട്ടോക്കോൾ പുറത്തിറക്കുമെന്നാണ് വിവരം. നേരത്തെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ജപ്പാൻ ഹെൽത്ത് റെഗുലേഷനും ആന്‍റി-വൈറൽ ഡ്രഗായ രെംദസവിയക്ക് അംഗീകാരം നൽകിയിരുന്നു.