India National

എന്‍.ആര്‍.സി രാജ്യവ്യാപകമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബി.ജെ.പി

അസമിന് പിന്നാലെ ദേശീയ പൌരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. പാര്‍ട്ടി മുഖ്യമന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധി നേതാക്കളാണ് എന്‍.ആര്‍.സി ആവശ്യമുന്നയിച്ച് ഇതിനകം രംഗത്തെത്തിയത്. പല ബി.ജെ.പി സര്‍ക്കാറുകളും ഇതിനുള്ള നടപടികളും ആരംഭിച്ചു.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി പാര്‍ലമെന്റില്‍ എന്‍.ആര്‍.സി നടപ്പാക്കാനാവശ്യപ്പെട്ടത് ബി.ജെ.പിയുടെ യുവ എം.പിയായ തേജസ്വി സൂര്യയാണ്. ബംഗളൂരുവിലെ എം.പിയായ തേജസ്വി സൂര്യ കര്‍ണാടകയില്‍ എന്‍ ആര്‍സി കൊണ്ടുവരണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 31ന് പട്ടിക വന്നശേഷം സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് ബി.ജെ.പി ഡല്‍ഹി അധ്യക്ഷനും ലോക്സഭാംഗവുമായ മനോജ് തിവാരിയാണ്. അസം അന്തിമ ദേശീയ പൌരത്വ പട്ടിക പുറത്തുവന്നതോടെ എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ശക്തിപ്പെടുത്തിയിട്ടുണ്ട്. അസമിലേതിന് സമാനമായ രീതിയില്‍ എന്‍.ആര്‍.സി നടപ്പാക്കാനാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുകയാണ് മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍.

ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലും സമാന നീക്കം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി നവി മുംബൈയില്‍ തടങ്കല്‍ നിര്‍മ്മിക്കാനായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം നവി മുംബൈ ആസൂത്രണ അതോറിട്ടിക്ക് കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തു. പൌരത്വം ത്രിശങ്കുവിലായ‌വരുടെ പുനരധിവാസം കടുത്ത പ്രതിസന്ധിയായിരിക്കെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കാനുള്ള നീക്കങ്ങളുമായി രംഗത്തെത്തുന്നത്.