അമേരിക്ക ഇതുവരെ 4.2 കോടി സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. 1.2 കോടി സാമ്പിളുകള്‍ ഇന്ത്യ പരിശോധിച്ചെന്ന് വൈറ്റ് ഹൌസ്
കോവിഡ് ടെസ്റ്റില്‍ ഒന്നാമത് അമേരിക്കയും രണ്ടാമത് ഇന്ത്യയുമെന്ന് വൈറ്റ്ഹൌസ്. അമേരിക്ക ഇതുവരെ 4.2 കോടി സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ത്യയാണ് രണ്ടാമത്. 1.2 കോടി സാമ്പിളുകള്‍ ഇന്ത്യ പരിശോധിച്ചെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.
ലോകത്ത് കോവിഡ് മരണം 592000ത്തിലേക്കെത്തി. അമേരിക്കയില്‍ 35 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് പോസിറ്റീവായി. 1,38,000 പേര്‍ മരിച്ചു. ഇന്ത്യയിലാകട്ടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. മരണം 25602 ആയി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതും ഇന്ത്യ മൂന്നാമതുമാണ്. ബ്രസീലാണ് രണ്ടാമത്.
2009ല്‍ എച്ച്1എന്‍1 വ്യാപനത്തിനിടെ അന്നത്തെ പ്രസിഡന്‍റ് ബരാക് ഒബാമ ടെസ്റ്റ് വേണ്ടെന്ന നിലപാടാണ് എടുത്തതെന്ന് വൈറ്റ്ഹൌസ് പ്രസി സെക്രട്ടറി കേലീ മെക്എനാനി ആരോപിച്ചു. എന്നാല്‍ കോവിഡ് വ്യാപനത്തിനിടെ ടെസ്റ്റ് നടത്തണമെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപ് എടുത്തതെന്ന് മെക്എനാനി അവകാശപ്പെട്ടു.
മരുന്ന് പരീക്ഷണത്തിലും അമേരിക്ക മുന്നിലാണെന്ന് മെക്എനാനി പറഞ്ഞു. 13 കമ്പനികള്‍ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മോഡേണയുടെ പരീക്ഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ജൂലൈ അവസാനത്തോടെ 30000 പേരില്‍ മരുന്ന് പരീക്ഷിക്കുന്ന മൂന്നാം ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മെക്എനാനി പറഞ്ഞു.
അമേരിക്കയ്ക്ക് പുറമെ റഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളും കോവിഡ് വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. 30 ദശലക്ഷം കോവിഡ് വാക്സിന്‍ ഡോസ് പരീക്ഷണാടിസ്ഥാനത്തില്‍ ആഗസ്തില്‍ ഉദ്പ്പാദിപ്പിക്കുമെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ ലോകത്തിന് കോവിഡ് വാക്സിന്‍ നല്‍കാന്‍ ശേഷിയുള്ള രാജ്യം ഇന്ത്യയാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് പറഞ്ഞു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ കുറിച്ച് ഡിസ്കവറി പ്ലസ് സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുന്നുകളുടെയും വാക്സിന്‍റെയും കാര്യത്തില്‍ ഇന്ത്യയിൽ ഒട്ടേറെ പ്രധാനപ്പെട്ട കാര്യങ്ങൾ നടന്നിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് കഴിയുന്നു. മറ്റ് എവിടെ വികസിപ്പിച്ചതിനേക്കാളും വാക്സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിലും ഇന്ത്യൻ മരുന്ന് കമ്പനികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബില്‍ ഗേറ്റ്‌സ് പറഞ്ഞത്.