India

അഭയാർത്ഥികളെ സഹായിക്കണം, ഡൽഹി യുഎൻ ഹൈക്കമ്മിഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

ഡൽഹിയിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഡൽഹിയിലെ ഹൈക്കമ്മിഷന് മുന്നിലാണ് പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളുടെ പ്രശ്ങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

അതേസമയം ഇന്ത്യയുടെ അഫ്ഗാൻ രക്ഷാദൗത്യം ഇപ്പോഴും തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ ഇന്ന് ഡൽഹിയിലെത്തും . അതിനായി ഒരു വ്യോമസേന വിമാനം കൂടി കാബൂളിലെത്തി.

ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥനാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

ഒരാഴ്ച മുന്‍പാണ് കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാന്‍ ആളുകള്‍ കൂട്ടമായെത്തിയതോടെ അമേരിക്കന്‍ സൈന്യം വെടിയുതിര്‍ത്തത്. തിക്കിലും തിരക്കിലും വെടിവയ്പ്പിലും പെട്ട പത്തോളം പേര്‍ മരിച്ചിരുന്നു. അതേസമയം ഇന്ന് നടന്ന വെടിവയ്പിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജര്‍മന്‍ മിലിട്ടറിയാണ് വാര്‍ത്ത് പുറത്തുവിട്ടത്.