India National

”മാപ്പര്‍ഹിക്കാത്ത തെറ്റ്”: ഷര്‍ട്ടില്ലാതെ അഭിഭാഷകന്‍ സുപ്രീംകോടതിയുടെ ഓണ്‍ലെെന്‍ ഹിയറിങ്ങില്‍

സുപ്രീംകോടതിയുടെ വെര്‍ച്ച്വല്‍ ഹിയറിങ്ങിനിടെ സ്‌ക്രീനില്‍ ഷര്‍ട്ടിടാതെ പ്രത്യക്ഷപ്പെട്ട് അഭിഭാഷകന്‍. സുദര്‍ശന്‍ ടിവി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈന്‍ ഹിയറിങ്ങിന് എത്തിയത്. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകന്‍ ഷര്‍ട്ട് ധരിച്ചെത്തുകയായിരുന്നു.

ഹിന്ദുത്വ വെബ്സെെറ്റായ ‘ഓപ് ഇന്ത്യ’യെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഷര്‍ട്ടില്ലാതെ കോടതിയില്‍ ഹാജരായത്. അഭിഭാഷകന്റെ നടപടി കോടതിയോടുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പൊറുക്കാനാകാത്ത തെറ്റാണിതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും പറഞ്ഞു.

സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഇതാദ്യമായല്ല കോടതി ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത്. നേരത്തെ സുപ്രീംകോടതിയുടെ തന്നെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പുകവലിച്ചത് വിവാദമായിരുന്നു.

നേരത്തെ, രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഓണ്‍ലൈന്‍ വാദത്തിനിടെ അഭിഭാഷകരിലൊരാള്‍ അടിവസ്ത്രത്തില്‍ എത്തിയിരുന്നു. കോവിഡ് കാലത്തെ പ്രത്യേക കോടതി കാര്യങ്ങള്‍ക്ക് പങ്കെടുക്കുന്നതിലും അഭിഭാഷകര്‍ ശരിയായ യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി ജഡ്ജ് അന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ഓണ്‍ലൈന്‍ ഹിയറങ്ങിനിടെ പുകവലിച്ച അഭിഭാഷകന് പതിനായിരം രൂപ പിഴയിടുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി ചെയ്തത്.