ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ് അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് സ്ഥാനാർഥികൾ. ധൻകർ വിജയമുറപ്പിച്ചുകഴിഞ്ഞു. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.(Advantage for Dhankhar in today’s vice presidential election)
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർപേഴ്സൺ. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
എൻഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആർസി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധൻകറിനുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നത് മാർഗരറ്റ് ആൽവയ്ക്കു തിരിച്ചടിയാണ്.
പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേൽക്കും.ലോക്സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായി ലോക്സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്.