India National

പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി

പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർ‌ട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. എന്നാൽ ഇത്തവണ കഥ മാറി. പരിചയ സമ്പന്നർ ഉൾപ്പെടുന്ന ‘മാർഗദർശക് മണ്ഡലി’ലാണ് ഇപ്പോൾ അദ്വാനിയുള്‍പ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ സ്ഥാനം.

ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് ഇത്തവണ അദ്വാനിയുടെ മണ്ഡലത്തിലെ സ്ഥാനാർഥി. വാജ്പേയ് സർക്കാറിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. എന്നാൽ രണ്ട് പതിറ്റാണ്ടിനിടെ ബി.ജെ.പിയിൽ നിന്നും അദ്വാനിയില്ലാത്ത തെരഞ്ഞെടുപ്പായി മാറുകയാണ് ഇത്തവണത്തേത്. 1996ൽ അദ്വാനി മത്സരിച്ചിരുന്നില്ലെങ്കിലും, പിന്നീട് 98ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്നും തന്നെ മാറ്റി നിർത്തിയ വിവരം അറിഞ്ഞ അദ്വാനി, നീണ്ട കാലത്തെ മൗനത്തിന് ശേഷം പറഞ്ഞത്, ‘നാഷൻ ഫസ്റ്റ്, പാർട്ടി നെക്സ്റ്റ്, സെൽഫ് ലാസ്റ്റ്’ എന്നായിരുന്നു. തന്റെ ബ്ലോഗിലൂടെയായിരുന്നു അദ്വാനി ഇത് കുറിച്ചത്.

അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും വെട്ടിയ പാർട്ടി നടപടി രാഹുൽ ഗാന്ധി ഉൾപ്പെടുയുള്ള പ്രതിപക്ഷം ഏറ്റുപിടിച്ചിരുന്നു. ബി.ജെ.പി അതിന്റെ ഗുരുക്കൻമാരെ തന്നെ തഴഞ്ഞുവെന്നും, ഇതാണ് ബി.ജെ.പിയുടെ രീതിയെന്നും പറഞ്ഞ് പ്രതിപക്ഷം ആക്രമണം ശക്തമാക്കിയപ്പോൾ, ഇത് മറികടക്കാൻ അമിത് ഷാ ഇരുവരുമായും ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തുകയാണുണ്ടായത്.