ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. (siddharth apologizes saina nehwal)
പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാൾ ദയ എന്നിലുണ്ടെന്ന് എനിക്കറിയാം. ആ തമാശയെക്കുറിച്ചാണെങ്കിൽ, നല്ലൊരു തമാശയായിരുന്നില്ല അത്. ആ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. അതേസമയം, നിരവധി പേർ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. ഞാനും ഒരു ഫെമിനിസ്റ്റ് തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശവും ഇല്ലായിരുന്നു. കത്ത് സ്വീകരിച്ച് ഈ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് കരുതുന്നു. താങ്കൾ എപ്പോഴും എൻ്റെ ചാമ്പ്യനാണ്.”- സിദ്ധാർത്ഥ് ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.
https://twitter.com/Actor_Siddharth/status/1480962679032324097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1480962679032324097%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F01%2F12%2Factor-siddharth-apologizes-saina-nehwal.html
സിദ്ധാർത്ഥിൻ്റെ ക്ഷമാപണം സ്വീകരിച്ചു എന്ന് സൈന പറഞ്ഞു. ഒരു സ്ത്രീയെ ആ തരത്തിൽ ഉന്നംവെക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചില്ല. പക്ഷേ, ക്ഷമാപണം നടത്തിയതിൽ സന്തോഷമുണ്ട് എന്നും സൈന പിടിഐയോട് പ്രതികരിച്ചു.
‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരു സംഘം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’- ഇങ്ങനെയായിരുന്നു സൈനയുടെ ട്വീറ്റ്. ഈ ട്വീറ്റിനുള്ള സിദ്ധാർത്ഥിൻ്റെ മറുപടിയാണ് വിവാദമായത്. ട്വീറ്റിൽ താരം ഉപയോഗിച്ച ഒരു വാക്കിനെതിരെ സൈനയും ഭർത്താവും പിതാവുമടക്കമുള്ളവർ രംഗത്തുവന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചിരുന്നു.
‘അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’- സിദ്ധാർഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. ന്യൂസ് 18നോടായിരുന്നു താരത്തിൻ്റെ പ്രതികരണം.