India

രജനികാന്ത് ആശുപത്രി വിട്ടു; വീട്ടിൽ തിരിച്ചെത്തിയെന്ന് താരത്തിന്റെ ട്വീറ്റ്

സൂപ്പർസ്റ്റാർ രജനികാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം വീട്ടിലെത്തിയത്. തലച്ചോറിലെ ഞരമ്പിന് ശസ്ത്രക്രീയ നടത്തിയ ശേഷം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രജനികാന്ത്.

വീട്ടിൽ തിരിച്ചെത്തിയതായി രജനീകാന്ത് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.

ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾക്കു ശേഷം രജനിയെ എംആർഐ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. തലയുടെ സ്കാനിങ് റിപ്പോർട്ട് പുറത്തു വന്നതോടെ പക്ഷാഘാതത്തിനു തൊട്ടരികിലൂടെ താരം കടന്നു പോയതായി കണ്ടെത്തി.

രക്തക്കുഴൽ പൊട്ടിയതായും എംആർഐ സ്കാനിങ്ങിനിലൂടെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനുമായി കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷനാണു നടത്തിയത്. ദില്ലിയിലെ ദേശീയ പുരസ്‍കാര വേദിയിൽ ഏതാനും ദിവസം മുൻപാണ് രജനീകാന്ത് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങിയത്. പ്രസിഡൻറ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.