India National

പ്രകാശ്‍രാജ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി

ബംഗലൂരു സെന്‍ട്രലില്‍ നിന്നും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്‍രിവാളില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. ബംഗലൂരു സെന്‍ട്രലില്‍ പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ നല്‍കുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രകാശ് രാജ് ബംഗലൂരു സെന്‍ട്രല്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി ലോക്സഭയിലേക്ക് മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ പ്രഖ്യാപിക്കുന്നതായി ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍ വന്നു. ഇതിന് പിറകെയാണ് പ്രകാശ് രാജ് ഡല്‍ഹിയിലെത്തി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ കണ്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയുമായും പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി.ബംഗലൂരു സെന്‍ട്രലില്‍ മത്സരിക്കാന്‍ പോകുന്ന തനിക്ക് ഡല്‍ഹി ഭരിക്കുന്ന കെജ്‍രിവാളില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു.

ആം ആദ്മി പാര്‍ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന് താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന മറുപടിയാണ് പ്രകാശ് രാജ് നല്‍കിയത്. 2009 മുതല്‍ ബി.ജെ.പിയുടെ പി.സി മോഹനാണ് ബംഗലൂരു സെന്‍ട്രലിലെ എംപി. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി ജയിച്ച സീറ്റില്‍ കോണ്‍ഗ്രസും ജനതാദളും പിന്തുണച്ചാല്‍ പ്രകാശ് രാജിന് എളുപ്പം ജയിക്കാനാകും. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗലൂരു സെന്‍ട്രലിലെ എട്ടില്‍ അഞ്ചിടത്തും കോണ്‍ഗ്രസാണ് വിജയിച്ചത്.

സുഹൃത്തായ ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തിന് ശേഷമാണ് ബി.ജെ.പിക്കും ഹിന്ദുത്വ സംഘടനകള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി പ്രകാശ് രാജ് രാഷ്ട്രീയ വേദികളില്‍ സജീവമായത്.