ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ആരോപണ വിധേയരായവര്‍ക്ക് പുതിയതായി രൂപം നല്‍കിയ രാം ജന്മഭൂമി ട്രസ്റ്റില്‍ ഉന്നത സ്ഥാനം. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ആരോപണ വിധേയരായ മഹന്ത് നിത്യ ഗോപാൽ ദാസ്, ചമ്പത്ത് റായ് എന്നിവരെയാണ് രാം ജന്മഭൂമി ട്രസ്റ്റില്‍ ഉന്നതസ്ഥാനം നല്‍കി കേന്ദ്രം തെരഞ്ഞെടുത്തത്. ഫെബ്രുവരി 5ന് പുറത്തുവിട്ട അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന ഇവരുടെ പേരുകള്‍ പിന്നീട് വി.എച്ച്.പി ഇടപെടലിനെ തുടര്‍ന്ന് തിരുത്തി കൂട്ടിചേര്‍ക്കുകയായിരുന്നു.
ആദ്യ പട്ടിക പുറത്തുവന്നതിന് പിന്നാലെ മഹന്ത് നൃത്യയെയും ചമ്പത് റായിയെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വി.എച്ച്.പിക്ക് കീഴിലുള്ള രാം ജന്മഭൂമി ന്യാസ് രംഗത്തെത്തുകയായിരുന്നു. അതെ സമയം ഇവരെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി വിധിയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്ന് അയോധ്യകേസില്‍ മുസ്‍ലിം അപേക്ഷകര്‍ക്കായി വാദിച്ച പ്രധാന അഭിഭാഷകന്‍ സഫര്യാബ് ജിലാനി പ്രതികരിച്ചു.
1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസും, ചമ്പദ് റായിയും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തിയതി 15 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് രാമക്ഷേത്ര നിർമാണ ട്രസ്റ്റ് പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന ആദ്യ രാമ ജന്മഭൂമി ട്രസ്റ്റ് യോഗത്തിൽ ഒൻപത് പ്രമേയം പാസ്സാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ നൃപേന്ദ്ര മിശ്രയെ ക്ഷേത്ര നിർമാണ സമിതി അധ്യക്ഷനായി തെരെഞ്ഞെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ചമ്പത് റായിയെ ജനറൽ സെക്രട്ടറിയായും ഗോവിന്ദ് ദേവ് ഗിരിയെ ട്രഷററായും തീരുമാനിച്ചു. ക്ഷേത്ര നിർമാണത്തിനായി അയോധ്യയിലെ എസ്ബിഐ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാനും തീരുമാനമായി. 15 ദിവസത്തിനുശേഷം അയോധ്യയിൽ വീണ്ടും സമിതി യോഗം ചേരും. രാമക്ഷേത്രത്തിന്റെ രൂപകൽപ്പനയിൽ മാറ്റമുണ്ടാകില്ലെന്നും എന്നാൽ ഉയരവും വീതിയും കൂട്ടുന്ന കാര്യം ചർച്ചചെയ്യുമെന്നും ട്രസ്റ്റിന്റെ പുതിയ ചെയർമാൻ നൃത്യ ഗോപാൽ ദാസ് പറഞ്ഞു.