India National

കൊല്ലപ്പെട്ട യാചകന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത് സമ്പത്തിന്റെ കൂമ്പാരം

മുംബൈയിലെ ഗോവണ്ടിയിൽ അപകടത്തിൽ മരിച്ച യാചകന്റെ പേരിൽ 8.77 ലക്ഷം മൂല്യമുള്ള ബാങ്ക് നിക്ഷേപവും, 1.5 ലക്ഷത്തിന്റെ നാണയ ശേഖരവും കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിൽ വെച്ച് ബിർജു ചന്ദ്ര ആസാദ് എന്ന യാചകൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്.

സംഭവത്തെ തുടർന്ന് ആസാദിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച യാചകൻ ലക്ഷപ്രഭുവയിരുന്നെന്ന് പൊലീസും ചേരി നിവാസികളുെം തിരിച്ചറിയുന്നത്.

ഗോവണ്ടിയിലെ ചേരിയിലുള്ള ആസാദിന്റെ തകർന്നടിഞ്ഞ ഒറ്റമുറി വീട്ടിൽ പൊലീസെത്തുമ്പോൾ മുറിയാകെ പഴയ പത്രങ്ങളും പൊളിത്തീൻ ഭാഗുകളും കൊണ്ട് നിറഞ്ഞിരുന്നു. അതിനിടയിൽ നിന്നാണ് വിവിധ ബാങ്കുകളിലായി പണം നിക്ഷേപിച്ചതിന്റെ രേഖകളും ഒരു ബാഗിൽ നിറച്ച നിലയിൽ ഒന്നര ലക്ഷം രൂപ മൂല്യമുള്ള നാണയശേഖരവും കണ്ടെത്തിയത്.

മുറി പരിശോധിക്കാൻ അകത്തു കയറിയ സംഘം നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി മണിക്കൂറുകൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തങ്ങളുടെ അയൽവാസി ലക്ഷപ്രഭുവായിരുന്നുവെന്ന് ചേരിനിവാസികൾ പോലും തിരിച്ചറിഞ്ഞത്.

ഒറ്റക്ക് താമസിച്ചിരുന്ന ആസാദിന്റെ യഥാർത്ഥ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് സംഘം. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബാങ്ക് അധികൃതർക്കും നിർദ്ദേശം നൽകിയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.