ജവഹർലാൽ നെഹ്റുവിനേയും ഇന്ദിരാ ഗാന്ധിയേയും പരസ്യമായി വിമർശിക്കുന്ന പ്രധാനമന്ത്രി അവരെ തന്നെ അനുകരിക്കുന്നതായി മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോദി വിമർശനമുന്നയിച്ചതിന് പിറകെയാണ് രാജ് താക്കറെ രംഗത്ത് വന്നത്.
ഡൽഹി തീൻമൂർത്തി ഭവനിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിലെ നെഹ്റുവിന്റേതായുള്ള വാക്കുകൾ കടമെടുത്താണ് മോദി തന്റെ പ്രചാരണം നടത്തുന്നതെന്ന് താക്കറെ ആരോപിച്ചു. ‘ഈ രാജ്യത്തെ പ്രധാനമന്ത്രി എന്നല്ല, പ്രഥമ സേവകൻ (പ്രഥം സേവക്) എന്ന് നിങ്ങളെന്നെ വിളിക്കൂ’ എന്ന് നെഹ്റു പറഞ്ഞതായി തീന്‍മൂര്‍ത്തി ഭവന്‍ മ്യൂസിയത്തിൽ നമുക്ക് കാണാം. ഇതേ വാചകമാണ് മോദി ‘നിങ്ങളെന്നെ പ്രധാനമന്ത്രി എന്നതിന് പകരം പ്രധാന സേവകൻ (പ്രധാൻ സേവക്) എന്ന് വിളിക്കൂ‘ എന്ന് മാറ്റി തന്റെ റാലികളിൽ ഉപയോഗിക്കുന്നതെന്ന് രാജ് താക്കറെ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷം രാജ്യത്തെ ജനങ്ങളോട് കള്ളം മാത്രം പറഞ്ഞ പ്രധാനമന്ത്രിയാണ് മോദിയെന്നും താക്കറെ കുറ്റപ്പെടുത്തി.
പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും രാജ് താക്കറെയുടെ എം.എൻ.എസ് കോൺഗ്രസ്-എൻ.സി.പി സഖ്യവുമായി യോജിച്ച് പ്രവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എന്നാൽ താൻ ആരുമായും കൂട്ടുചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാജ് താക്കറെ, രാജ്യത്ത് ഇന്നുള്ള രണ്ട് ഭീഷണികളായ മോദിയേയും അമിത് ഷായേയും പുറത്തെറിയുകയെന്നാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു.