India National

ത്രിപുര ലക്ഷ്യമിട്ട് തൃണമൂല്‍; അഭിഷേക് ബാനര്‍ജി റോഡ് ഷോയുമായി ഇറങ്ങും

തൃണമൂല്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അഭിഷേക് ബാനര്‍ജി എംപി ബുധാനാഴ്ച റോഡ് ഷോയുമായി ഇറങ്ങും. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ശക്തി ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിപുരയില്‍ തുടക്കമായി.

‘ത്രിപുരയിലെ അഗര്‍ത്തലയിലാണ് ബുധനാഴ്ച റോഡ് ഷോ നടത്തുക . അഭിഷേക് ബാനര്‍ജി അതിന് നേതൃത്വം നല്‍കും’. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും എംഎല്‍എമാരും അഭിഷേക് ബാനര്‍ജിക്കൊപ്പം ത്രിപുരയിലെത്തും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മികച്ച വോട്ടുശതമാനം നേടി വിജയിച്ച തൃണമൂല്‍ 2024ലെ ലോക്‌സഭാ തെഞ്ഞെടുപ്പിന് മുന്‍പ് ദേശീയ തലത്തിലേക്ക് ശക്തമായി ഉയര്‍ന്നുവരാനാണ് നീക്കങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്ത് 60ല്‍ 40 നിയമസഭാ സീറ്റുകളും ബിജെപിയുടേയോ സഖ്യകക്ഷികളുടെയോ കൈവശമാണ്. ബിജെപി അധികാരം നിലനിര്‍ത്തിയിരുന്ന അസമിലും തൃണമൂല്‍ ലക്ഷ്യം വച്ചുകഴിഞ്ഞു.

ത്രിപുരയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഐഎം ഓഫിസുകളും കെട്ടിടങ്ങളും തീവെച്ചുനശിപ്പിച്ചിരുന്നു.

‘തൃണമൂലിന്റെ വളര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ബിജെപി മനപൂര്‍വം സിപിഐഎമ്മിനെതിരെ ആക്രമണം നടത്തുകയാണ്. പക്ഷേ ആ തന്ത്രം ഫലിക്കില്ല..സിപിഐഎം പ്രവര്‍ത്തരോട് സഹതാപവും അവര്‍ക്ക് പിന്തുണയുമുണ്ട്’. കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം ത്രിപുരയില്‍ നിലവിലെ സാഹചര്യത്തില്‍ തൃണമൂലിന്റെ പ്രാചാരണങ്ങള്‍ നടത്തുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി ബൈജാന്‍ ഝാര്‍ വിമര്‍ശിച്ചു.