India National

ആധാര്‍ ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

ആധാര്‍ ഭേദഗതി ബില്ല് ലോക്സഭ ഇന്ന് ചര്‍ച്ച ചെയ്യും. ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി ബില്ല്. ബി. ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും.

രണ്ട് ബില്ലുകളാണ് ഇന്ന് ലോക്സഭ പരിഗണിക്കുന്നത്. ‌ആധാര്‍ ഭേദഗതി ബില്ലും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ബില്ലും. നേരത്തെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമായിരുന്നു. സുപ്രിം കോടതി ഇടപെട്ട് ഇത് റദ്ദാക്കിയിരുന്നു. കോടതി വിധിയനുസരിച്ച് ആധാര്‍ നിയമം പരിഷ്കരിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകില്ല. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയോടെ ഒഴിവാകും. ബില്ല് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കും. രാജ്യസഭയില്‍ ചോദ്യോത്തരത്തിന് പുറമെ ഇന്നലെ ലിസ്റ്റ് ചെയ്ത് പൂര്‍ത്തിയാകാത്ത കാര്യങ്ങള്‍ ഇന്നേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളിലാണ് ഇന്ന് ബി.ജെ.പി പാര്‍ലമെന്ററി യോഗം ചേരുന്നത്. പുതിയ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളെ തെരഞ്ഞെടുത്ത ശേഷം രണ്ടാമത്തെ പാര്‍ലെമന്ററി യോഗമാണ് ഇന്ന് നടക്കുന്നത്.