സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന ആധാർ ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. മൊബൈല്‍ കണക്ഷന് ,ബാങ്ക് അക്കൌണ്ട് എന്നിവക്ക് ആധാര്‍ വിവരങ്ങള്‍ കൈപ്പറ്റാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി ബില്ല്. ഭേദഗതി സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കാനാക്കുള്ള കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എന്നാല്‍ ആധാര്‍ കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി പറഞ്ഞു.
പൌരന്മാരുടെ ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രിം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. സ്വകാര്യതക്ക് മേലുള്ള കയ്യേറ്റമാണെന്നായിരുന്നു കോടതി നിരീക്ഷണം. കോടതി വിധിയനുസരിച്ച് നിയമം ഭേദഗതി ചെയ്യുന്നതാണ് ഇന്ന് ലോക്സഭ പാസാക്കിയ ആധാര്‍ ബില്ല്. മൊബൈല്‍ കണക്ഷന് എടുക്കുന്നതിനും ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനും സ്വന്തം ഇഷ്ടപ്രകാരം കമ്പനികളുമായി ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വ്യക്തികൾക്ക് അനുമതി നല്‍കുന്നതാണ് ഭേദഗതി. എന്നാല്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ കമ്പനികളെ സഹായിക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ എം.പിമാര്‍ ആരോപിച്ചു.
സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമമില്ലാതെ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന സുപ്രിം കോടതി വിധി മറികടക്കുന്നതാണെന്ന് ടി.എം.സി എം.പി മഹുവ മൊയ്ത്രയും വിമര്‍ശിച്ചു. എന്നാല്‍ നിലവിലെ ഭേദഗതി സുപ്രിം കോടതി വിധിക്കനുസരിച്ച് മാത്രമാണെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് സഭയില്‍ മറുപടി പറഞ്ഞു. സ്വകാര്യ കമ്പനികളുമായി വിവരം കൈമാറല്‍ വ്യക്തികളുടെ ഇഷ്ടം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ആധാര്‍ നിയമ ഭേഗദതി ബില്ല് ലോക്സഭ പാസാക്കി.