India

മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ്

മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ്. മധ്യപ്രദേശിൽ നിന്ന് കുംഭമേളയിൽ പങ്കെടുത്ത് തിരികെ എത്തിയ 61 പേരിൽ 60 പേർക്കും കൊവിഡ് പോസിറ്റീവായെന്നാണ് വിവരം. കുംഭമേളയിൽ പങ്കെടുത്തവർക്ക് വ്യാപകമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും മേളയിൽ പങ്കെടുത്ത് തിരികെ എത്തിയവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തിവർ നിശ്ചയമായും ആർടി-പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്.

ഏകദേശം 70 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കുംഭമേളയിൽ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ മേള ഒരു മാസത്തിനു ശേഷം നിർത്തിവച്ചിരുന്നു. മേളക്കിടെ സന്യാസിമാർ അടക്കം 2600 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഒരു സന്യാസി മരണപ്പെടുകയും ചെയ്തു. കുംഭമേളയിൽ പങ്കെടുത്ത നേപ്പാൾ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും ഭാര്യ കോമൾ രാജ്യ ലക്ഷ്മി ദേവിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനു പിന്നാലെ കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ കുംഭമേള പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.