മഹാരാഷ്ട്രയിൽ കൊവിഡ് ബാധ അതീവ ഗുരുതരം. 57,640 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 920 പേർ മരണപ്പെട്ടു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. മുംബൈയിൽ 3882 കൊവിഡ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ പൂനെയിൽ 9084 കേസുകളും 93 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകൾ വീണ്ടും ആശങ്കയുണർത്തുന്നു.
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിൽ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
കേരളത്തിലും അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേർക്കാണ്. കേരളത്തിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 283 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.