India National

പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കുണ്ട്. സൈനിക വാഹന വ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറിയാണ് ഭീകരർ ആക്രമണം നടത്തിയത്. പുൽവാമ മോഡൽ ബോംബാക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയത് പിന്നാലെയാണ് ആക്രമണം.

പുൽവാമയിൽ ഫെബ്രുവരി 14ന് ആക്രമണം നടന്ന സ്ഥലത്തിന് 27 കിലോമീറ്റർ അകലെയാണ് ഭീകരാക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹാലിലേക്ക് പോവുകയായിരുന്ന 44 രാഷ്ട്രീയ റൈഫിൾസിന് നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു .6 സൈനികർക്കും രണ്ടു പ്രദേശവാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റു. പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ വീണ്ടും പദ്ധതിയിടുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പാകിസ്താന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കൈമാറിയിരുന്നു. സ്ഫോടക വസ്തു നിറച്ച വാഹനം പൂർണമായും കത്തിനശിച്ചു .ആക്രമണം നടത്തിയ വാഹനം പരിശോധിച്ചുവരികയാണെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി. എന്നാൽ ഭീകരാക്രമണത്തിൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്ന് സൈന്യം അറിയിച്ചു. അതേസമയം അനന്തനാഗിൽ നടന്ന ആക്രമണത്തിൽ ഒരു കരസേന മേജർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ വധിക്കാനും സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.