അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ ജീവന്‍ നഷ്ടമായത് 86 ശുചീകരണ തൊഴിലാളികള്‍ക്ക്. ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയിലാണ് ശുചീകരണ തൊഴിലാളികളുടെ ചാവുനിലമായി ഗുജറാത്ത് മാറുന്നുവെന്ന വിവരമുള്ളത്. മരിച്ച 49 പേരുടെ കുടുംബത്തിനും ഇതുവരെയും നഷ്ടപരിഹാരമായി ഒരു രൂപ പൊലും ലഭിച്ചിട്ടില്ലെന്നും ഗുജറാത്ത് നിയമസഭയില്‍ വെച്ച രേഖയില്‍ പറയുന്നു.
വെള്ളിയാഴ്ച്ച ഗുജറാത്ത് നിയമസഭയില്‍ വെച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നഗരവികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിജയ് റുപാനിയാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഡോ. ആശ പട്ടേലിന്റെ ചോദ്യത്തിനുള്ള മറുപടിയായി ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഫെബ്രുവരി തുടക്കത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ഡോ. ആശ പട്ടേല്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രാജിക്ക് മുമ്പ് നല്‍കിയ ചോദ്യത്തിന്റെ മറുപടിയിലാണ് ബി.ജെ.പി സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്.
ഗുജറാത്ത് മുഖ്യമന്ത്രി പങ്കുവെച്ച വിവരം പ്രകാരം മരിച്ച 86 ശുചീകരണ തൊഴിലാളികളില്‍ 53 പേര്‍ അഹമ്മദാബാദിലും 18 പേര്‍ സൂറത്തിലുമാണ് മരിച്ചത്. വഡോദര(അഞ്ച്), ആനന്ദ്(മൂന്ന്), ജാംനഗര്‍(രണ്ട്), പത്താന്‍(രണ്ട്), ഗാന്ധിനഗര്‍(രണ്ട്), കച്ച്(ഒന്ന്) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളില്‍ മരിച്ചവരുടെ എണ്ണം.
ജോലിക്കിടെ ജീവന്‍ നഷ്ടമാകുന്ന ശുചീകരണതൊഴിലാളികളുടെ കുടംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാല്‍ അഞ്ചുവര്‍ഷത്തിനിടെ 37 പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളൂ. മരിച്ചവരുടെ തിരിച്ചറിയല്‍ നടപടികള്‍ കഴിഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞാണ് 49 പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പോലും നല്‍കാത്തത്.
ദളിത് നേതാവും വാഡ്ഗമില്‍ നിന്നുള്ള എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഈ പ്രശ്‌നം ഗുജറാത്ത് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചൊവ്വയില്‍ വെള്ളം കണ്ടെത്താനുള്ള സാങ്കേതികവിദ്യ വരെ കണ്ടുപിടിച്ചെങ്കിലും ശുചീകരണതൊഴിലാള്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് തടയാന്‍ ഗുജറാത്ത് സര്‍ക്കാരിന് കഴിയുന്നില്ലെന്നതായിരുന്നു മേവാനി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വിമര്‍ശം. ജീവന്‍ നഷ്ടമായ ശുചീകരണ തൊഴിലാളികളുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൈമാറുമെന്നാണ് മുഖ്യമന്ത്രി റുപാനി ആവര്‍ത്തിച്ചത്.