പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. അന്തരിച്ച സഭാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ചൈനീസ് പ്രകോപനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെ പ്രതിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് നടക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ ചേരും.എല്ലാം എംപിമാരും ഇത് അംഗീകരിച്ചുവെന്നും മോദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്‌സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുക.