India National

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമെന്ന് മോദി

രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സർക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അനുച്ഛേദം 370 അനിവാര്യമായിരുന്നു എങ്കിൽ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവർ ഇതിന് മറുപടി പറയണം. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്‍ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വഴിയൊരുക്കി. ജനസംഖ്യാ വര്‍ധനവാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രളയം ദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ചെങ്കോട്ടയും പരിസരവും.ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഗതാഗത നിയന്ത്രണവും ശക്തം.കർശന വാഹന പരിശോധനയും തുടരുന്നു. പ്രത്യേക പദവി നീക്കി രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ പഴുതടച്ച സുരക്ഷയാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ജില്ലയിലും ആഘോഷ പരിപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ തന്നെയുള്ള നിരോധനാജ്ഞയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. ദേശീയ ഉപദേഷ്ടാവ് അജിത് ദോവൽ കശ്മീരിൽ തുടരുന്നുണ്ട്. അതിർത്തി മേഖലകളിലും കൂടുതൽ സേനയെ വിന്യസിച്ചു.