India National

ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍

ഇന്ന് രാജ്യത്തിന് എഴുപതാമത് റിപബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ബഹുസ്വരതയും സമത്വവുമാണ് രാജ്യത്തിന്‍റെ ഭരണഘടനയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

വളരെ ശക്തമായ സുരക്ഷ ക്രമീകരണകളാണ് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 25000 സുരക്ഷാ ഉദ്യോഗസ്ഥരെ തലസ്ഥാന നഗരിയില്‍ വിന്യസിച്ചു. രജ്പതിലടക്കം പലയിടങ്ങളിലും മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. മെട്രോ, ടാക്സി സേവനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദിനാഘോഷത്തോട് അനുബന്ധിച്ച് രജ്പതില്‍ നിന്ന് ചെങ്കോട്ട വരെ എട്ട് കിലോമീറ്റര്‍ നീളുന്ന പരേഡും അരങ്ങേറും. പരേഡിന്‍‍റെ ഭാഗമായി നിരവധി നാടോടിനൃത്തങ്ങളും നിശ്ചല ദൃശ്യങ്ങളും അരങ്ങേറും. അസാം റൈഫിള്‍സിന്‍റെ നരി ശക്തി എന്ന പേരിട്ട സൈനിക പ്രകടനവും വനിത സൈനികരുടെ ബൈക് സ്റ്റണ്ടും ആഘോഷത്തിന് കൊഴുപ്പേകും.