കഴിഞ്ഞ 6 വർഷത്തിനിടെ ജീവനൊടുക്കിയത് 680 അർദ്ധസൈനികരെന്ന് ആഭ്യന്തര മന്ത്രാലയം. അപകടങ്ങളെ തുടർന്ന് 1724 പേരും ഏറ്റുമുട്ടലുകളിൽ 323 പേരും മരണപ്പെട്ടു. ബുധനാഴ്ച രാജ്യസഭയിൽ വച്ച് ബിജെപി എംപി സുശീൽ കുമാർ മോദിയുടെ ചോദ്യത്തിനു മറുപടി ആയാണ് ആഭ്യന്തര മന്ത്രാലയം ഈ കണക്കുകൾ സമർപ്പിച്ചത്. (680 Paramilitary Forces Suicide)
അതേസമയം, ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സംഭവത്തെ തുടർന്ന് രാജ്യസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നടുത്തളത്തിലിറങ്ങുന്നവരെ സസ്‌പെൻഡ് ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു. രാജ്യസഭ രണ്ട് മണി വരെ നിർത്തി വച്ചു.
സംഭവത്തിൽ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുടംബത്തെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ്, ആം ആദ്മി പാർട്ടി ഉൾപ്പെടയുള്ള പാർട്ടികൾ പെൺകുട്ടിയുടെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.
കുട്ടിയുടെ മരണകാരണം എന്താണെന്ന് ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ആ ദിവസം തന്നെ അറസ്റ്റ് ചെയ്തു വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയെന്ന് ഡി സി പി ഇൻജിത് പ്രതാപ് സിങ് പറഞ്ഞു.കുറ്റപത്രം 60 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നാണ് നിയമം. ഈ കേസിൽ അത് അടിയന്തരമായി നൽകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന് അമ്മ ആരോപിച്ചു. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പൊലീസ് തടഞ്ഞു.പൊലീസിനോട് വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലുംചെയ്തില്ലെന്ന് അമ്മ പറഞ്ഞു.