സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആർ ഭാനുമതി, മോഹന ശാന്തന ഗൗഡർ, ഇന്ദിരാ ബാനർജി എ.എസ് ബൊപ്പണ്ണ, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ സുപ്രീംകോടതി പരിസരത്ത് വാക്സിനേഷന്‍, ഡിസ്പെന്‍സറി കേന്ദ്രങ്ങള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. രോഗികളെ ചികിത്സിക്കുന്നതിനായി 10 ലക്ഷം രൂപയുടെ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
നേരത്തെ സുപ്രീംകോടതിയിലെ കോടതി മുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. ഇതിന് പിന്നാലെയാണ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 ബാധ സ്ഥിരീകരിച്ചത്. പല ജഡ്ജിമാരും മുഖാവരണം ധരിച്ചാണ് ഇന്ന് കോടതിയില്‍ എത്തിയത്.