India

യു പിയിൽ 10 ദിവസത്തിനിടെ 45 കുട്ടികളുൾപ്പടെ 53 മരണം; ഡെങ്കി വ്യാപനമെന്ന് സംശയം: അന്വേഷണം

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 53 പേര്‍ മരിച്ചത് ഡെങ്കി വ്യാപനത്തേതുടര്‍ന്നെന്ന് സംശയം. നിരവധി മരണം സ്​ഥിരീകരിച്ചതോടെ യഥാർഥ മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്​ യു.പി സർക്കാർ.

ഫിറോസാബാദ്​ മെഡിക്കൽ കോളജിൽ രോഗബാധിതരായ നിരവധി കുട്ടികൾ ചികിത്സയിലാണ്​. ഇവരിൽ മിക്കവരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ്​ വിവരം. ദിവസങ്ങളായി നീണ്ടുനിന്ന പനിയെ തുടർന്നാണ്​ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെത്തിയ ഭൂരിഭാഗത്തിനും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് പരിശോധനയില്‍ ഡെങ്കി സ്ഥിരീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

രോഗ വ്യാപനത്തെത്തുടർന്ന് സെപ്റ്റംബര്‍ ആറ് വരെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളും അടച്ചിടാന്‍ ഉത്തരവായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ഫിറോസാബാദ്​ സന്ദർശിച്ചിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സമിതിയെ രൂപീകരിച്ചതായും യോഗി പറഞ്ഞു.