India

സിംഘു സംഘര്‍ഷം; കര്‍ഷകരടക്കം 44 പേര്‍ അറസ്റ്റില്‍

സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്

സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. കര്‍ഷകരടക്കം 44 പേരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അടക്കം അറസ്റ്റിലായി.

പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. അതേസമയം ഡൽഹി -ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ പോലീസും ഹരിയാന അതിർത്തിയില്‍ ഒരു വിഭാഗം ആളുകളും സമര പന്തൽ ഒഴിപ്പിക്കാൻ ശ്രമം നടത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഗസിപുരിലേക്ക് മുസഫർപുരിൽ നിന്ന് ധാരാളം കർഷകർ എത്തിയിട്ടുണ്ട്. ഏത് നിമിഷവും സംഘർഷം ഉണ്ടാകാൻ ഇടയുള്ളതിനാൽ ജാഗ്രതയിലാണ് കർഷകർ. ഇന്നും സമരത്തിനെതിരെ പ്രതിഷേധ പ്രകടനത്തിന് സാധ്യതയുണ്ട്. തിക്രി, ചില്ല അതിർത്തികളിലും കർഷകർക്കെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു.