97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു.ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു. ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു.
ലോക്ഡൌൺ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവവാണ് കാണിക്കുന്നത്. രാജ്യത്ത് ഇത് വരെ 67152 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2206 കോവിഡ് മൂലം ജീവൻ നഷ്ടമായി. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 31.14 ശതമാനമാണ് രോഗം ഭേദമാകുന്നവർ. ഏറ്റവും ഗുരുതരാവസ്ഥയിൽ തുടരുന്ന സംസ്ഥാനം ഇപ്പോഴും മഹാരാഷ്ട്രയാണ്. അവിടെ രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരം കടന്നു. ഇന്നലെ മാത്രം 1278 പേർക്ക് രോഗം സ്ഥിരീകരിച്ചു. 832 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്.
കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ ഊര്‍ജ്ജ, തൊഴില്‍, ജല മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശ്രം ശക്തി ഭവന്‍ സീല്‍ ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു .
കഴിഞ്ഞ ദിവസം 310 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ കേസുകളുടെ എണ്ണം ഏഴായിരം കടന്നു. കോവിഡ് മരണസംഖ്യയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആശുപത്രികളുടെയും കണക്കില്‍ അന്തരം വന്ന പശ്ചാത്തലത്തിൽ മരണം സംഭവിച്ചാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആശുപത്രികൾക്ക് ഡൽഹി സർക്കാർ നിർദേശം നൽകി. രാജസ്ഥാനിൽ ഇന്ന് 84 ഉം ഒഡീഷയിൽ 14ഉം ബീഹാറിൽ 11ഉം പുതിയ കേസ് റിപ്പോർട്ട് ചെയ്തു.