നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലേക്ക് തിരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം യന്ത്രതകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി.
നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. അവസാന വട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇവിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം.
അതിനിടെ ബീഹാറിലെ പാറ്റ്നയിലേക്ക് പോകുന്ന വഴി രാഹുല്‍ ഗാന്ധിയുടെ വിമാനം യന്ത്രതകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബീഹാറിലെ സമസ്തിപൂര്‍, ഒഡീഷയിലെ ബാലസോര, മഹാരാഷ്ട്രയിലെ സങ്കന്മാര്‍ എന്നിവിടങ്ങളിലായിരുന്നു രാഹുലിന്‍റെ പൊതുപരിപാടികള്‍. പരിപാടി വൈകാനിടയായതില്‍ രാഹുല്‍ ഗാന്ധി ക്ഷമയും ചോദിച്ചു.
അതേസമയം സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഭരണഘടന അനുഛേദം 371എഫ് അനുസരിച്ച് നാല് വര്‍ഷമാണ് നിയമസഭയുടെ കാലാവധിയെന്നും സിക്കിമില്‍ അഞ്ച് വര്‍ഷമെടുത്തെന്നും കാണിച്ചായിരുന്നു ഹരജി. ഹരജി തള്ളിയതോടെ മെയ് 23ന് ഇവിടുത്തെ ഫലപ്രഖ്യാപനവും നടക്കും.