തെലുഗുദേശം പാര്‍ട്ടിയുടെ നാല് രാജ്യസഭാംഗങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇക്കാര്യം ഇവര്‍ രാജ്യസഭയുടെ അധ്യക്ഷനായ വെങ്കയ്യ നായിഡുവിനെ രേഖാമൂലം അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രി വൈ.എസ് ചൗധരി, സി.ആര്‍. രമേഷ്, ജി.എം റാവു, ടി.ജി വെങ്കിടേഷ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൂറുമാറി ബി.ജെ.പിയിലെത്തിയവരെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
രാജ്യസഭയില്‍ ആറ് അംഗങ്ങളുണ്ടായിരുന്ന ടി.ഡി.പിയില്‍ നിന്നും നാല് പേര്‍ ഒന്നിച്ച് കൂറുമാറിയ സാഹചര്യത്തില്‍ ഇവരെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യരായി പ്രഖ്യാപിക്കാനാവില്ല. ശേഷിച്ച രണ്ട് എം.പിമാരും ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂറുമാറിയവരെ ബി.ജെ.പി അംഗങ്ങളായി കണക്കാക്കണമെന്ന് നദ്ദ ഉപരാഷ്ട്രപതിക്ക് കത്ത് നല്‍കിയതോടെ ബി.ജെ.പിക്ക് രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 75 ആയി മാറി. മൊത്തം എന്‍.ഡി.എ അംഗബലം 107 ആയും ഉയര്‍ന്നു.
സ്വന്തം ബിസിനസ് താല്‍പര്യങ്ങളും ഒപ്പം കടുത്ത സമ്മര്‍ദ്ദവുമാണ് എം.പിമാര്‍ കൂറുമാറാനുള്ള കാരണമെന്നാണ് സൂചന. കൂറുമാറിയവരില്‍ മുന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കൂടിയായിരുന്ന വൈ.എസ് ചൗധരിക്കെതിരെ 6000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സമെന്റ് അന്വേഷണം നടക്കുന്നുണ്ട്. മോദി സര്‍ക്കാറിനുള്ള പിന്തുണ ടി.ഡി.പി പിന്‍വലിച്ചതിനു ശേഷമാണ് ഈ കേസ് നിലവില്‍ വന്നത്. കൂറുമാറിയ സി.ആര്‍ രമേഷിന്റെ ബിസിനസ് കരാറുകളില്‍ പലതും റദ്ദാകാന്‍ തുടങ്ങിയതും അദ്ദേഹത്തെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായും രാജ്യത്തിന്റെ പൊതുവികാരം ഉള്‍ക്കൊണ്ടുമാണ് താനുള്‍പ്പടെയുളള എം.പിമാര്‍ ടി.ഡി.പി വിട്ടതെന്ന് വൈ.എസ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യസഭാ എം.പിമാര്‍ പാര്‍ട്ടി വിട്ടതിനു പുറമെ ടി.ഡി.പിയുടെ കാപു സമുദായക്കാരായ എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേരാന്‍ തയാറെടുക്കുന്നതായും ആന്ധ്ര പ്രദേശില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേതാക്കളും പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പിയുമായി കലഹിച്ചത്. സംസ്ഥാനത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രിമാരെ പോലും പിന്‍വലിച്ചു. പ്രതിസന്ധി പാര്‍ട്ടിക്ക് പുതിയ കാര്യമല്ലെന്നും നായിഡു പറഞ്ഞു.