രാജ്യതലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും കരിഞ്ചന്തയിൽ ഓക്സിജൻ കോൺസൺട്രേറ്ററുകളുടെ വില്പന തുടരുന്നു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റതിനെ തുടർന്ന് ഡൽഹിയിൽ വിവിധ ഇടങ്ങളിലായി 4 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇവരിൽ നിന്നായി ഓക്സിജൻ കോൺസൺട്രേറ്ററുകളും പൊലീസ് പിടിച്ചെടുത്തി.
സൗത്ത് ഡൽഹിയിലെ സാകേത് പ്രദേശത്ത് ഓക്സിജൻ കോൺസൺട്രേറ്ററുകൾ വില്പന നടത്തിയ രാഹുൽ എന്നയാള് പ്രതികളിൽ ഒരാൾ. പാലം സ്വദേശിയായ ഇയാളിൽ നിന്ന് ഒരു ഓക്സിജൻ കോൺസൺട്രേറ്റർ പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 55,000 രൂപയ്ക്ക് വാങ്ങിയ രണ്ട് ഓക്സിജൻ കോൺസൺട്രേറ്ററുകൾ 1,35,000 രൂപയ്ക്കാണ് ഇയാൾ വിറ്റത്.
34കാരനായ ഷാക്കിർ എന്ന ടാക്സി ഡ്രൈവറാണ് അറസ്റ്റിലായവരിൽ മറ്റൊരാൾ. ഇയാളുടെ സഹായിയായി പ്രവർത്തിച്ച വിജയ് ശർമ്മ എന്നയാളും പിടിയിലായി. ഒരു സിലിണ്ടർ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
47കാരനായ നീരജ് ബംഗ എന്നയാളെ ഓക്സിജൻ കാനിസ്റ്ററുകൾ വില്പന നടത്തിയതിനാണ് പിടികൂടിയത്. ഇയാളിൽ 9 ഓക്സിജൻ കാനിസ്റ്ററുകൾ പിടികൂടി. 400 രൂപയുടെ കാനിസ്റ്റർ 1700 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത്.