മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളുടെ വിളയാട്ടം. ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മുസ്‍ലിംകളെ കെട്ടിട്ടിയിട്ട് തല്ലുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. വോട്ടെണ്ണലിന്‍റെ തലേ ദിവസമായാരുന്നു അക്രമം. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയാണ്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ സോണിയില്‍ ഈ മാസം 22നാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്. മുസ്‍ലിം കുടുംബം സഞ്ചരിച്ച ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ശേഷം ബീഫ് കയ്യില്‍ സൂക്ഷിച്ചു എന്നാരോപിച്ച് മര്‍ദ്ധിക്കുകയായിരുന്നു. രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാക്കളിലൊരാളോട് കൊണ്ട് തന്നെ അയാളുടെ ഭാര്യയെ അടിക്കാനാവശ്യപ്പെടുന്നതും ജയ്ശ്രീറാം വിളിപ്പിക്കുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്.
അക്രമികളായ നാല് പേരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരിലൊരാള്‍ അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ വോട്ടണ്ണല്‍ ദിവസം ഫേസ്ബുക്കില്‍ പങ്ക് വച്ചെന്നും പിന്നീട് ഡിലീറ്റ് ചെയ്തെന്നും പോലീസ് കണ്ടത്തി. നരേന്ദ്രമോദി സര്‍ക്കാരിന് വോട്ട് ചെയ്തവര്‍ ഉണ്ടാക്കിയ ഗോരക്ഷ സംഘം എങ്ങനെയാണ് മുസ്‍ലിംകളെ കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് ഈ സംഭവം എന്ന് എം.ഐ.എം നേതാവ് അസുദ്ദിന്‍ ഉവൈസി ട്വിറ്ററില്‍ കുറിച്ചു.