India National

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടിൽ പെട്ടു; സഹോദരങ്ങളടക്കം 3 പേർക്ക് ദാരുണാന്ത്യം


മധ്യപ്രദേശിലെ ഇൻഡോറിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ രണ്ട് സഹോദർ ഉൾപ്പെടെ 3 പേർ മരിച്ചതായി പൊലീസ്. ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യാനായി 5 പേരാണ് എത്തിയത്. ഇവരിൽ 3 പേർ വെള്ളക്കെട്ടിൽ മുങ്ങിത്താഴുകയായിരുന്നു.

സഹോദരങ്ങളായ അമൻ കൗശൽ (21), ആദർശ് കൗശൽ (19) എന്നിവരും, 19 കാരനായ അനീഷ് ശർമയുമാണ് മരിച്ചതെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ യാദവ് പറഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കള്‍ വെള്ളക്കെട്ടിൽ മുങ്ങിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ഗണേശ വിഗ്രഹ നിമജ്ജന പരിപാടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 19 പേർ മരിച്ചിരുന്നു. 14 പേർ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്. വിഗ്രങ്ങള്‍ ഇത്തരം കുഴികളിൽ നിമജ്ജനം ചെയ്യരുതെന്നും അപകടസാധ്യതയുണ്ടെന്നും പൊലീസ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.