India National

ക്രിസ്ത്യൻ പള്ളിക്കു നേരെ ബോംബേറ്, അക്രമം

പശ്ചിമ ബംഗാളിൽ ശനിയാഴ്ച ക്രിസ്ത്യൻ പള്ളിക്കു നേരെയുണ്ടായ അക്രമങ്ങളിൽ ആർ.എസ്.എസ് – ബി.ജെ.പി ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ. പള്ളിക്കു നേരെ ബോംബെറിയുകയും വിശ്വാസികൾ ഭയന്നോടിയപ്പോൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത എട്ടു പേരിൽ മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്.

കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഈസ്റ്റ് മേദിനിപൂര്‍ ജില്ലയിലെ ഭഗവാൻപൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ വിശ്വാസികൾ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ രണ്ട് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആളുകൾ ഭയന്നോടിയപ്പോൾ അക്രമികൾ പള്ളിക്കകത്ത് കയറുകയും കസേരകളും മേശകളും ജനൽപ്പാളികളും മൈക്രോഫോണുകളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. വികാരിയുടെ കാറും തകർത്തതിനു ശേഷമാണ് ഇവർ സ്ഥലം വിട്ടത്.

സംഭവത്തെപ്പറ്റി പള്ളിയിലെ വികാരി അലോക് ഘോഷ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രദേശത്തെ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പരാതിയിൽ പറയുന്നു.

സമീപകാലത്ത് ഒഡിഷ, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു. ഇതാദ്യമായാണ് ബംഗാളിൽ ചർച്ച് ആക്രമിക്കപ്പെടുന്നത്.